തൊടുപുഴ: ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ റോഡ് വീതികൂട്ടല്‍ ജോലികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ ഡീന്‍ കുര്യാക്കോസ് എംപി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത്നല്‍കി. നേര്യമംഗലം മുതല്‍ പള്ളിവാസല്‍ വരെ 30 മീറ്റര്‍ വീതിയിലാണ് ദേശീയപാത സര്‍ക്കാര്‍ രേഖകളിലുള്ളത്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതുമാണ്.
എന്നാല്‍ വനം വകുപ്പും ചില സ്വകാര്യ വ്യക്തികളും ഉയര്‍ത്തിയ തടസം മൂലം നിര്‍മാണം പൂർണമായും നിലച്ചിരിക്കുകയാണ്. നിര്‍മാണം പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപടികള്‍ വൈകുന്നതില്‍ എംപി പ്രതിഷേധം അറിയിച്ചു.ചീഫ് സെക്രട്ടറി തലത്തില്‍ രൂപീകരിച്ച ഹൈലെവല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരാത്തതാണ് നിലവില്‍ വീതികൂട്ടല്‍ പ്രവൃത്തികള്‍ക്ക് തടസമായി നില്‍ക്കുന്നത്. അനാവശ്യമായി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.
നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ കുഴികളും കിടങ്ങുകളുമായി റോഡ് അതീവ അപകടാവസ്ഥയിലാണ്. കാലവര്‍ഷം ആരംഭിക്കാനിരിക്കെ, നിലവിലെ സാഹചര്യം റോഡിന്റെ ഘടനാപരമായ നിലനില്‍പ്പിനെ ബാധിക്കുമെന്നും വലിയ തോതിലുള്ള മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു. ഈ പ്രതിസന്ധികള്‍ കണക്കിലെടുത്ത് ചീഫ് സെക്രട്ടറി അടിയന്തരമായി ഇടപെട്ട് വീതിയെടുക്കല് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.